തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശന റാങ്ക് പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായുള്ള സമീകരണ പ്രക്രിയയിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവ്. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ കേരളാ സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് സമീകരണ പ്രക്രിയയിൽ മാർക്ക് കുറയുന്ന സ്ഥിതി ഒഴിവാകും.
കഴിഞ്ഞ വർഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്പ് സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തുകയും കോടതി ഇടപെടലിനെ തുടർന്ന് വേണ്ടെന്നു വയ്ക്കുകയുമായിരുന്നു.
പ്രോസ്പെക്ടസ് പുറപ്പെടുവിച്ച ശേഷം അതിൽ പറയാത്ത കാര്യങ്ങൾ നടപ്പാക്കുന്നുവെന്നു കാട്ടി സിബിഎസ്ഇ വിദ്യാർഥികൾ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കഴിഞ്ഞ വർഷം പരിഷ്കരണം ഉപേക്ഷിച്ചത്. ഇത്തവണ നേരത്തേതന്നെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് കോടതി ഇടപെടലുകൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കാനാണ്.
പുതിയ ഉത്തരവ് അനുസരിച്ച് പ്ലസ് ടുവോ, തത്തുല്യ സിലബസിൽ ലഭിച്ച മാർക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്പോൾ മാത്തമാറ്റിക്സിന് ഉയർന്ന വെയ്റ്റേജും അനുവദിച്ചിട്ടുണ്ട്. സർക്കാർ നിയോഗിച്ച ആഭ്യന്തര സമിതിയുടെ ശിപാർശ അംഗീകരിച്ചാണ് മാറ്റമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.